കേരളത്തെ ഒന്നാം സംസ്ഥാനമായി പരിഗണിക്കും - സുരേഷ് പ്രഭു

Source: www.mathrubhumi.com

Posted by: Vinod on 17-06-2016 01:52, Type: Other , Zone: Southern Railway)

കൊച്ചി: റെയില്വേ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളില് ചെന്നൈ ലോബി ഇടപെടല് ഇല്ലെന്ന് കേന്ദ്ര മന്ത്രി സുരേഷ് പ്രഭു. മുന് സര്ക്കാറുകള് കേരളത്തെ ഇന്ത്യയിലെ അവസാനത്തെ സംസ്ഥാനമായാണ് പരിഗണിച്ചത്.

എന്നാല് ഈ സര്ക്കാറിന് രാജ്യത്തെ പ്രാഗത്ഭ്യമേറിയ സംസ്ഥാനമാണ് കേരളമെന്നും പ്രഥമ പരിഗണനയാണ് സംസ്ഥാനത്തെ റയില്വേ വികസന കാര്യങ്ങളില് കേന്ദ്ര സര്ക്കാര് നല്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം എറണാകുളം സൗത്ത് റെയില്വേ സ്റ്റേഷനില് നിര്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷൊര്ണൂര് ജംഗ്ഷന് മുതല് ചെറുവത്തൂര് വരെയുള്ള റെയില്വേ ലൈന് വൈദ്യുതീകരണം ഉദ്ഘാടനം, നിലമ്പൂര് റെയില്വേ സ്റ്റേഷന് ഉദ്ഘാടനം എന്നിവയാണ് വ്യാഴാഴ്ച നടന്ന പ്രധാന പരിപാടികള്. വീഡിയോ കോണ്ഫറന്സിംഗ് വഴിയാണ് നിലമ്പൂരിലെയും ഷൊര്ണൂരിലെയും പരിപാടികള് ഉദ്ഘാടനം ചെയ്തത്.

ഇതോടൊപ്പം സൗത്ത് റെയില്വേ സ്റ്റേഷനിലെ അത്യാഹിത ചികിത്സാ വിഭാഗം, വൈ ഫൈ സേവനം, ശീതീകരിച്ച വിശ്രമ മുറി, വെജിറ്റേറിയന് റിഫ്രഷ്മെന്റ് റൂം എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്വഹിച്ചു. ഷൊര്ണൂര് മുതല് ചെറുവത്തൂര് വരെയുള്ള 224 കിലോമീറ്റര് ദൂരമാണ് പുതിയതായി വൈദ്യുതീകരിച്ചിട്ടുള്ളത്. ഷൊര്ണൂര് മുതല് കല്ലായി വൈദ്യുതീകരണത്തിനു വേണ്ടി തിരൂര്, എലത്തൂര്, കണ്ണൂര് സൗത്ത്, ചെറുവത്തൂര് എന്നിവിടങ്ങളില് സബ് സ്റ്റേഷനുകള് നിര്മിച്ചിട്ടുണ്ട്. ആകെ 494 കിലോമീറ്ററാണ് ഈ ദൂരത്തിലുള്ളത്. എറണാകുളം മെഡിക്കല് ട്രസ്റ്റ് ഹോസ്പിറ്റലുമായി ചേര്ന്നാണ് എല്ലാ സമയത്തും പ്രവര്ത്തിക്കുന്ന അത്യാഹിത വിഭാഗം യൂണിറ്റ് സൗത്ത് സ്റ്റേഷനില് പ്രവര്ത്തനം ആരംഭിച്ചത്. അത്യാധുനിക ഉപകരണങ്ങള് സജ്ജീകരിച്ച യൂണിറ്റിനോട് അനുബന്ധമായി ഒരു ആംബുലന്സും ഏര്പ്പെടുത്തിയിട്ടുണ്ട്. ഗൂഗിളുമായി ചേര്ന്ന് ആരംഭിച്ച ഹൈ സ്പീഡ് ഇന്റര്നെറ്റ് സേവനങ്ങള് പരീക്ഷണാടിസ്ഥാനത്തിലാണ് മുന്പ് എറണാകുളത്ത് ഏര്പ്പെടുത്തിയത്. കുട്ടികള്ക്ക് കളിയിടം, മുലയൂട്ടുന്നതിനുള്ള മുറി, മിനി വായനശാല എന്നിവയടങ്ങുന്നതാണ് കുടുംബശ്രീയുമായി സഹകരിച്ച് നടപ്പിലാക്കിയ വിശ്രമ മുറി. 2250 സ്ക്വയര്ഫീറ്റ് വിസ്തൃതിയുള്ളതാണ് 1.31 കോടി രൂപ ചെലവഴിച്ച് നിര്മിച്ച പുതിയ വെജിറ്റേറിയന് ഭക്ഷണശാല. ഉദ്ഘാടന ചടങ്ങില് കേന്ദ്ര മന്ത്രി ഡോ സഞ്ജീവ് കുമാര് ബല്യാണ്, കെ.വി. തോമസ് എം.പി., എം.എല്.എ. മാരായ പി.ടി. തോമസ്, ഹൈബി ഈഡന്, മേയര് സൗമിനി ജെയിന്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള് മുത്തലിബ്, ദക്ഷിണ റെയില്വേ ജനറല് മാനേജര് വസിഷ്ഠ ജോഹ്റി എന്നിവര് സംസാരിച്ചു